Thursday, November 22, 2018

കാട്ടാനകളെ ഭയക്കാത്ത, കാടിനെ സ്‌നേഹിക്കുന്ന തങ്കപ്പന്‍ ചേട്ടന്‍…

originally published here http://mediainkonline.com/


ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് ചിലപ്പോള്‍, ചില വ്യക്തികളിലൂടെയായിരിക്കും നമ്മെ തേടിയെത്തുക. അത്തരത്തില്‍ ഒന്നാണ്, പാണിയേലിപ്പൊരു യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ, കാട്ടാനകളെ ഭയക്കാത്ത, കാടിനെ സ്‌നേഹിക്കുന്ന തങ്കപ്പന്‍ എന്ന മനുഷ്യന്‍.

ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പാണിയേലിപ്പൊരു യാത്രയ്ക്കിടയിലാണ് തങ്കപ്പന്‍ ചേട്ടനെ കാണുന്നത്. അതും കയറ്റുവയില്‍ വെച്ച്. പാണിയേലിപ്പോരില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് കയറ്റുവ.

സാധാരണ ടൂറിസ്റ്റുകള്‍ക്ക് അപ്രാപ്യമായ സ്ഥലം. പത്രത്തില്‍ നിന്നായതു കൊണ്ടാവാം ഞങ്ങള്‍ക്ക് കയറ്റുവയിലേക്കു പോകുവാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കൂടാതെ, വനസംരക്ഷണ സമിതിയുടെ പ്രസിഡന്റ് എംഎം ബിനുവിനെ കണ്ടു മുട്ടിയത് വലിയൊരു അനുഗ്രഹമായി. ബിനുവാണു ഞങ്ങളെ കയറ്റുവയിലേക്കു നയിച്ചത്.

പണിയേലിപ്പോരില്‍ നിന്നും ഒരു ചെറിയ കാട്ടിലൂടെ വേണം കയറ്റുവയില്‍ എത്താന്‍. കുത്തനെ ഉള്ള റോഡ് ആയതിനാല്‍ നടന്നു പോകുന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല. അതുകൊണ്ട് ബിനുവിന്റെ സഹായത്തോടെ ഒരു അംബാസഡര്‍ കാര്‍ തരപ്പെടുത്തി ഞങ്ങള്‍ യാത്ര തുടങ്ങി. നല്ല ഇറക്കം ആയതു കൊണ്ട് കാല്‍നടയായി പോകുന്നതിനേക്കാള്‍ വളരെ പതുക്കെ ആയിരുന്നു ഞങ്ങളുടെ കാര്‍ നീങ്ങികൊണ്ടിരുന്നത്.

യാത്രയ്ക്കിടയില്‍ ബിനു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു ‘നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനയെയോ കാട്ടാനകളെയോ കാണാം.’

ആനക്കമ്പം പെരുത്ത് നില്‍ക്കുന്ന ഒരു നാട്ടില്‍ നിന്ന് വരുന്ന എനിക്ക് പക്ഷെ എന്തോ ഒരു വല്ലാത്ത ഭീതിയാണ് അത് കേട്ടപ്പോള്‍ തോന്നിയത്. കൂടാതെ, ഇടയ്ക്കിടയ്ക്ക് കുറുക്കന്മാരെയും ചിലപ്പോള്‍ പുലിയെയും ഇവിടെ കണ്ടു വരാറുണ്ട് എന്ന് പറഞ്ഞതും, ആ ഭയം ഇരട്ടിപ്പിച്ചു.

അങ്ങനെ സംഭവബഹുലമായി മാറിയേക്കാമായിരുന്ന ആ യാത്ര കഴിഞ്ഞു ഞങ്ങള്‍ കയറ്റുവയില്‍ എത്തി…വഴിയരികില്‍ ഇരുവശത്തായി ഇടതൂര്‍ന്ന് നില്‍ക്കുന്ന കൊക്കോ മരങ്ങള്‍. മിക്കതും കായ്ച്ചിട്ടുണ്ട്.അങ്ങിങ്ങായി അടഞ്ഞു കിടക്കുന്ന വളരെ സുന്ദരമായ ചെറിയ വീടുകള്‍.

Image credit : Mithun Vinod

ഒരു വര്‍ഷത്തിന് മുന്‍പ് ഏകദേശം 25 കുടുംബങ്ങള്‍ കയറ്റുവയില്‍ പാര്‍ത്തിരുന്നു. എന്നാല്‍ തങ്ങളുടെ വീട്ടു മുറ്റത്തേയ്ക്ക് ആനയിറങ്ങി വന്നു തുടങ്ങിയപ്പോള്‍ അവര്‍ക്കു അവിടെ നിന്നും താമസം മാറ്റേണ്ടതായി വന്നു.

ആനകള്‍ അവരെ ഉപദ്രവിച്ചിട്ടൊന്നുമില്ലെങ്കിലും കുട്ടികള്‍ ഉള്ളത് കൊണ്ട് അറിഞ്ഞുകൊണ്ട് അപകടത്തില്‍ ചാടേണ്ടതില്ല എന്ന് അവര്‍ കരുതി.

എന്നാല്‍ എല്ലാം ഇട്ടെറിഞ്ഞു പോകാന്‍ കഴിയില്ലായിരുന്നു. അവര്‍ക്കു അവിടെ ഉണ്ടായിരുന്ന ഏക്കര്‍ കണക്കിനുള്ള കൃഷിഭൂമി തന്നെ കാരണം. അതുകൊണ്ട് ഈ കുടുംബങ്ങളിലെ പുരുഷന്മാര്‍ അതിരാവിലെ വന്നു പണിയെല്ലാം ഒതുക്കി ഒരു അഞ്ചരയോട് കൂടി അവിടം വിടും ..അഞ്ചര കഴിഞ്ഞാല്‍ പിന്നെ കയറ്റുവാ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്.

Image credit : Mithun Vinod

25 കുടുംബങ്ങള്‍ കയറ്റുവാ വിട്ടുപോയപ്പോള്‍ മൂന്നു പേര്‍ അവിടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. അതിലൊരാളായിരുന്നു നമ്മുടെ തങ്കപ്പന്‍ ചേട്ടന്‍.

കഷ്ടിച്ച് ഒരു അഞ്ചടി പൊക്കം കാണും. നിര്‍വികാരമായ മുഖം. സംസാരവും അതുപോലെതന്നെ തങ്കപ്പന്‍ ചേട്ടന് പോകാന്‍ ഒരിടവുമില്ലായിരുന്നു…കാന്‍സര്‍ പിടിപെട്ട അദ്ദേഹത്തെ സ്വന്തം കുടുംബം കയ്യൊഴിയുകയായിരുന്നു. എന്നാല്‍ ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ അതിനൊരു മറുവശം ഇല്ലാതില്ല എന്ന് എനിക്ക് തോന്നി. ഏതായാലും അതിലേക്കു ഞാന്‍ കടക്കുന്നില്ല.

ജീവിതത്തില്‍ ഒരു മനുഷ്യന്‍ ഏതു സാഹചര്യങ്ങള്‍ കൊണ്ടുമാകട്ടെ ഒറ്റപ്പെട്ടു പോയാല്‍ അത് ഭീകരമായ ഒറ്റപ്പെടല്‍ തന്നെയാണ്.

ചിലര്‍ അങ്ങനെയാണ്…ഒരു പതര്‍ച്ചയും ഇല്ലാതെ…അത് ഒരനുഗ്രഹം കൂടിയാണ്

‘കാട്ടാനകളെ പേടിയില്ലേ,’ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നായിരുന്നു മറുപടി. ‘അവറ്റകള്‍ എന്നെഉപദ്രവിക്കില്ല. നമ്മള്‍ അങ്ങോട്ട് ഉപദ്രവിച്ചാല്‍ മാത്രമേ അതുങ്ങള്‍ ഇങ്ങോട്ടു ഉപദ്രവിക്കൂ. പിന്നെ അവരെ ഓടിക്കണമെങ്കില്‍ ഒരു ബക്കറ്റില്‍ വിളക്കോ മെഴുകുതിരിയോ കത്തിച്ചു വെച്ചാല്‍ മതി’ എന്ന് ധൈര്യത്തോടെ പറഞ്ഞ തങ്കപ്പന്‍ ചേട്ടനോട് അവിടെ ഉണ്ടായിരുന്ന ചിലര്‍ ഒരു മറുചോദ്യം ചോദിച്ചു:

‘അപ്പോള്‍ കുറച്ചു ദിവസം മുന്‍പ് തങ്കപ്പന്‍ ചേട്ടനെ ആന ഓടിപ്പിച്ചതോ’. ഒട്ടും കൂസാതെ തന്നെ പുള്ളി മറുപടി തന്നു . ‘രണ്ടു ദിവസം മുന്‍പ് ഒരു കാട്ടാന എന്നെ ഓടിപ്പിച്ചു. ഇടുങ്ങിയ വഴി ആയിരുന്നത് കൊണ്ട് എനിക്ക് മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. പക്ഷെ ഞാന്‍ എങ്ങനെ ഒക്കെയോ ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടു. എന്നിട്ടു ദാ ..ആ കാണുന്ന വീടിന്റെ ടെറസില്‍ കയറി പറ്റി. കുറേ നേരം അവന്‍ എന്നെ കാത്തു നിന്നു. കാണാതായപ്പോള്‍ സ്ഥലം വിട്ടു.’

Image credit : Mithun Vinod

തങ്കപ്പന്‍ ചേട്ടന്റെ ചെറിയ കൂരയെക്കാള്‍ കുറച്ചു കൂടി വലുപ്പം കാണും ആ ടെറസ് വീടിന്. ചിലര്‍ അങ്ങനെയാണ്…ഒരു പതര്‍ച്ചയും ഇല്ലാതെ…അത് ഒരനുഗ്രഹം കൂടിയാണ്.

അപ്പോഴേക്കും ഏകദേശം ആറു മണിയായി ..ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു ‘ഇനി നില്‍ക്കണ്ടട്ടോ ഇവിടെ. ഒരുത്തന്‍ ദേ പതിയെ ഇങ്ങോട്ടേക്കു ഇറങ്ങിയിട്ടുണ്ട്’.
ഞങ്ങള്‍ പിന്നെ വൈകിച്ചില്ല..തിരിച്ചുള്ള യാത്രയില്‍ ‘മത്തായി ചേട്ടനെട കണ്ടു..ഒട്ടും സ്ഥലമില്ലാതിരുന്ന ഞങ്ങളുടെ കാറില്‍ ഞങ്ങള്‍ അദ്ദേഹത്തെയും കയറ്റി. ആശുപത്രിയില്‍ കിടക്കുന്ന ഭാര്യക്ക് കഞ്ഞിയും ആയിട്ട് പോകുകയായിരുന്നു, കക്ഷി .

ആ കാട്ടിലൂടെ നടന്നു വേണം ബസ് സ്റ്റോപ്പില്‍ എത്താന്‍. തങ്കപ്പന്‍ ചേട്ടന്‍ കൂടാതെ അവിടെ താമസിക്കാന്‍ തീരുമാനിച്ച മറ്റു രണ്ടു പേര്‍ ഈ മത്തായി ചേട്ടനും ഭാര്യയുമായിരുന്നു.

‘പ്രാരാബ്ധങ്ങള്‍ എല്ലാം ഒഴിഞ്ഞു. ഇനി ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. വരുന്നിടത്തു വെച്ച് കാണാം.’


Image credit : Mithun Vinod

ചിലപ്പോള്‍ ഇത്തരം ഓര്‍മ്മകള്‍ ഒരു ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആണ്. ഞാന്‍ ഒരു നെടുവീര്‍പ്പോടെ കൊച്ചിയെത്തുന്നതും കാത്തിരുന്നു.

*കൊച്ചിയില്‍ നിന്നും 55 കി.മീ അകലെയാണ് പാണിയേലിപ്പോര് എന്ന വിനോദസഞ്ചാര കേന്ദ്രം.