originally published here : പെണ്‍കുട്ടികള്‍ക്കായി ഓരോ മൂത്രപ്പുരകള്‍ തുറന്ന് കൊടുക്കുമ്പോഴും മനസ്സ് പറഞ്ഞിരുന്നു ഇവിടെ ഒരു തുടക്കമുണ്ടെന്ന്”, മാധ്യമ പ്രവര്‍ത്തകയുടെ ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു
ബെല്ലാരിയിലെ ഒരു ഗവൺമെൻറ് സ്ക്കൂളിൽ വെച്ചാണ് ഞാനീ കുഞ്ഞിനെ കാണുന്നത്.
അവളെ കുറിച്ച് പറയുന്നതിന് മുൻപായി ഞങ്ങൾ അവിടെ എത്തിയത് എന്തിനാണെന്ന് കൂടി പറയാം.
ബെല്ലാരിയിലെ ചില ഗവൺമെൻറ് സ്ക്കൂളുകൾക്കു ഞാൻ അന്ന് ജോലി ചെയ്തിരുന്ന എൻ ജി ഓ മൂത്രപ്പുരകൾ കെട്ടികൊടുക്കുന്നുണ്ടായിരുന്നു. അതിൻ്റെ ഉത്ഘാടനത്തിൻറെ ഭാഗമായിട്ടായിരുന്നു അന്ന് അവിടെ എത്തിയത്.
മൂത്രപ്പുരയോ,എന്ന് നിങ്ങൾ ചിന്തിച്ചേക്കാം .പറയാം…
ശൈശവവിവാഹങ്ങൾ കൂടുന്നത് വിദ്യാഭ്യാസത്തിൻറെ അഭാവം, മതം, ദാരിദ്യ്രം, പുരുഷ നിയത്രിതമായ ഒരു സമൂഹം ( Patriarchy ) എന്നിങ്ങനെ സാധാരണക്കാരന് ആഴത്തിൽ ഇറങ്ങി ചെന്ന് ചിന്തിക്കാൻ പറ്റാത്ത ഒരുപാട് കാരണങ്ങൾ നിരത്തുമ്പോൾ തന്നെ ഇതിനൊരു മാറ്റം വരുത്തുന്നതിനായി എവിടെ നിന്ന് തുടങ്ങണം എന്നത് എവിടെയും കൃത്യമായി പറഞ്ഞു കണ്ടിട്ടില്ല.
എന്നാൽ പെൺകുട്ടികൾക്കായി ഓരോ മൂത്രപ്പുരകൾ തുറന്നു കൊടുക്കുമ്പോഴും മനസ്സ് പറഞ്ഞിരുന്നു ഇവിടെ ഒരു തുടക്കമുണ്ട് എന്ന്.
അവിടെ പല സ്കൂളുകളിലും പെൺകുട്ടികൾക്ക് മൂത്രപ്പുരകളില്ല. അവർ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്നത് ആർത്തവ സമയത്താണ്. മൂത്രപ്പുരകൾ ഇല്ലാത്തതിനാൽ മിക്കവാറും അഞ്ചാറു ദിവസങ്ങൾ സ്ക്കൂളിൽ വരാതെ കഴിച്ചു കൂട്ടും..
എല്ലാ മാസത്തിലും ഒരാഴ്ച സ്ക്കൂൾ നഷ്ട്ടപ്പെടുമ്പോഴുള്ള അവസ്ഥ നിങ്ങൾക്കൂഹിക്കാവുന്നതേ ഉള്ളൂ. ഇത് മെല്ലെ മെല്ലെ കൊഴിഞ്ഞു പോക്കായി മാറുന്നു.
വീട്ടിൽ സ്ക്കൂളിൽ പോകാതെ ഇരിക്കുന്ന പെൺകുട്ടിയെ അച്ചനമ്മമാർ വിവാഹം കഴിച്ചു കൊടുക്കുന്നു. കൂടുതൽ ചിന്തിപ്പിക്കാനുള്ള വിദ്യാഭ്യാസം മുടങ്ങുമ്പോൾ
‘ വിദ്യാഭ്യാസത്തിലൂടെയുള്ള സ്ത്രീശാക്തീകരണം ‘ അതിൻ്റെ പാട്ടിനു പോകുന്നു.
മനസിനെ ഏറെ സ്വാധീനിച്ച ഒരു വിഷയമായിരുന്നു അത്.
” ഇനി ഞങ്ങൾക്ക് മുടങ്ങാതെ സ്ക്കൂളിൽ വരാമല്ലോ ” എന്ന് നിറഞ്ഞ മുഖവുമായി പറഞ്ഞ, മുടി മടക്കി കെട്ടിയ ഒരു പതിനഞ്ചു ക്കാരി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
” ഇവിടെയുള്ള മൂത്രപ്പുര ഉപയോഗശൂന്യമാണ്. കുറച്ചു ദൂരത്തായി ആ പാടത്തു ഒന്നുണ്ട്. ഒരുപാട് ബുദ്ധിമുട്ടുമ്പോൾ അങ്ങോട്ട് പോകട്ടെ എന്ന് ചോദിച്ചാലും സാറുമാര് സമ്മതിക്കാറില്ല. പിന്നെ സ്ക്കൂൾ കഴിഞ്ഞു ഒന്ന് വീട്ടിൽ എത്തണം,” അവൾ പറഞ്ഞു
സന്തോഷം കൊണ്ട് ടീച്ചർ, ടീച്ചർ എന്ന് വിളിച്ച് നമ്മുടെ കൈത്തലം പിടിക്കുമായിരുന്നു എല്ലാ കുട്ടികളും.
ഈ കോലാഹലങ്ങൾ ഒക്കെ നടക്കുമ്പോഴും മേല്പറഞ്ഞ ആ കുഞ്ഞു ഇതിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ ആ സ്കൂളിൻറെ വരാന്തയിൽ ഇരുന്നു ഉച്ചക്കഞ്ഞി കുടിക്കുകയായിരുന്നു. പുറത്തെ ബഹളങ്ങളൊന്നും അവളെ ബാധിക്കുന്നില്ല. ഒരുപക്ഷെ അത് അവളുടെ ഒരു ദിവസത്തേയ്ക്കുള്ള ആഹാരമാകാം. പിന്നെ കിട്ടിയില്ലെങ്കിലോ.
എന്തോ എൻ്റെ കണ്ണുകൾ തിരക്കിനിടയിലും അവളെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു. ഭക്ഷണം കഴിഞ്ഞതിനു ശേഷം പ്ലേറ്റ് കഴുകി വൃത്തിയാക്കി,അപ്പുറത്തെ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചു, ഇട്ടിരിക്കുന്ന പാവാട കൊണ്ട് മുഖം തുടച്ചതിനു ശേഷമാണു അവൾ ഒന്ന് തല നിവർത്തി ചുറ്റും കണ്ണോടിക്കുന്നതു.
ഒരുപക്ഷെ എൻ്റെ കണ്ണുകൾ അവളെ പിന്തുടർന്നത് കൊണ്ടാകാം അവളുടെ കണ്ണുകൾ എന്നിൽ ഉടക്കിയതും. കുറച്ചു നേരം നോക്കി നിന്നതിനു ശേഷം അവൾ കണ്ണുകൾ പിൻവലിച്ചു.
അവൾക്കു എത്ര വയസ്സായി കാണും? അറിഞ്ഞൂടാ..അവളുടെ കാലറ്റം എത്തുന്ന ഒരു ഷർട്ടും അതിനടിയിൽ അത്രയും നീളത്തിലുള്ള പാവാടയും ആണ് അണിഞ്ഞിരിക്കുന്നത്. ഏതായാലും അവളുടേതാകാൻ വഴിയില്ല.
അവളുടെ മുഖം നിർവികാരമായിരുന്നു. മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കുവാൻ സാധിച്ചില്ല.
വലിയ അല്ലലില്ലാതെ മൂന്നു നേരം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഒരു വീട്ടിൽ നിന്നാണ് ആ കുഞ്ഞു വരുന്നതെന്ന് എനിക്ക് തോന്നുന്നില്ല.
പിന്നീടെപ്പോഴോ എൻ്റെ ശ്രദ്ധയും മാറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ പുറകിൽ കൈ കെട്ടി നിന്നിരുന്ന എൻ്റെ കൈത്തലത്തിൽ ഒരു നനവ് പടരുന്നത് പോലെ.
തിരിഞ്ഞു നോക്കിയപ്പോൾ ആ കുഞ്ഞായിരുന്നു. അവൾ കുറച്ചു നേരം അവളുടെ കയ്യ് എൻ്റെ കൈപ്പടത്തിൽ വെച്ചങ്ങനെ നിന്നു . മനസ്സിൽ കയറിക്കൂടിയ അവളെ പെട്ടെന്നെനിക്കു ഒപ്പിയെടുക്കാൻ തോന്നി. അതാണ് ഈ പടം.
പിന്നീടവൾ എപ്പോഴോ ആ തിരക്കിനുള്ളിലേക്കു ഓടി മറിഞ്ഞു.
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് അവ്യക്തങ്ങളായ പല ചർച്ചകളും കേൾക്കുമ്പോൾ ഈ മുഖങ്ങളൊക്കെ അറിയാതെ മനസിലേക്ക് കടന്നു വരും.
– ഷാലറ്റ് ജിമ്മി